ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്കിടെ ഇസ്രയേലിനുനേരേ റോക്കറ്റാക്രമണം
Saturday, April 13, 2024 2:20 PM IST
ജറുസലേം: ഇസ്രയേലിനെ ഇറാന് ആക്രമിക്കുമെന്ന ഭീഷണികൾക്കിടെ കഴിഞ്ഞദിവസം രാത്രി വടക്കന്‍ ഇസ്രയേലിലേക്ക് ഇറാന് പിന്തുണയുള്ള ഭീകരസംഘടനയായ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. നാൽപതോളം കത്യുഷ റോക്കറ്റുകൾ പ്രയോഗിച്ചെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ആളപായമുണ്ടായതായി വിവരമില്ല.
ഹിസ്ബുള്ളയുടെ റോക്കറ്റുകളെ ഇസ്രയേലിന്റെ അയേണ്‍ ഡോം പ്രതിരോധിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആക്രമണം സ്ഥിരീകരിച്ചു. റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഹിസ്ബുള്ള, തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്നു വ്യക്തമാക്കി.
സിറിയയിലെ ഡമാസ്കസില്‍ ഏപ്രിൽ ഒന്നിന് ഇറാന് കോണ്സുലേറ്റിനുനേരേ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന് ഇറാന് പറഞ്ഞിരുന്നു. ഡമാസ്കസിലെ ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിരുന്നില്ലെങ്കിലും പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനു പിന്നാലെ, ഇസ്രയേലിനെ ഇറാന് ആക്രമിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പും നൽകി.
ഗാസയ്ക്കുനേരേയുള്ള ആക്രമങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനുനേരേ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഹിസ്ബുള്ള നടത്തുന്നുണ്ട്. ലെബനിനിലെ ശക്തമായ തീവ്രവാദസംഘടനയായ ഹിസ്ബുള്ള ഹമാസിനു പിന്തുണ നല്കിവരികയും ചെയ്യുന്നു.
സിറിയയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായി വിഷയത്തില്‍ ഇടപെടരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായി കഴിഞ്ഞാഴ്ച ഇറാന് വ്യക്തമാക്കിയിരുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് ബൈഡൻ മുന്നറിയിപ്പും നൽകി.
ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിലേക്കും ഇറാനിലേക്കും യാത്ര പാടില്ലെന്ന് ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അവരുടെ പൗരന്മാർക്കു മുന്നറിയിപ്പ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളിലേക്കു യാത്ര ഒഴിവാക്കണമെന്നു നിർദേശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇരുരാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.