പ്രചാരണസമയം ലംഘിച്ചു; കെ.അണ്ണാമലൈയ്ക്കെതിരേ കേസ്
Saturday, April 13, 2024 1:10 PM IST
കോയമ്പത്തൂർ: രാത്രി പത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു തമിഴ്നാട് ബിജെപി അധ്യക്ഷനും സ്ഥാനാർഥിയുമായ കെ. അണ്ണാമലൈക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്.
ആവാരം പാളയത്ത് നടന്ന പ്രചാരണം നീണ്ടതോടെ ബിജെപി പ്രവർത്തകരും ഇന്ത്യാ മുന്നണി നേതാക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ ഇന്ത്യാ മുന്നണി പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തുടർന്നാണ് അണ്ണാമലൈയ്ക്കെതിരേ ഇന്ത്യാ മുന്നണി നേതാക്കൾ കേസുകൊടുത്തത്.
സംഭവം നടന്ന സമയം പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഡിഎംകെ ആരോപിച്ചു. പത്തിന് ശേഷം ലൗഡ് സ്പീക്കർ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് വിലക്കുള്ളതെന്നാണ് കരുതിയിരുന്നതെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. വോട്ട് ചോദിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.