രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹയെന്ന് എന്‍ഐഎ
Saturday, April 13, 2024 12:18 PM IST
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായ അബ്ദുള്‍ മത്തീന്‍ താഹയെന്ന് എന്‍ഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയില്‍ സ്ഥിരമായി എത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു.
മുസവീര്‍ ഹുസൈന് ഷാജിഹ് ആണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. എന്നാൽ താഹയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ റൂട്ട്മാപ്പിലൂടെയാണ് ഇയാള്‍ സ്ഫോടനത്തിന് പിന്നാലെ രക്ഷപ്പെട്ടത്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ പല ബസുകള്‍ മാറിക്കയറിയാണ് ഇരുവരും
സംസ്ഥാനം വിട്ടതെന്നും എന്‍ഐഎ വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശിവമോഗ സ്വദേശികളായ അബ്ദുള്‍ മത്തീന്‍ താഹയും മുസവീര്‍ ഹുസൈന് ഷാജിഹും എൻഐഎയുടെ പിടിയിലായത്. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികള്‍ വ്യാജപേരുകളില്‍ കോല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇവരെ ബംഗളൂരുവിലെ എന്‍ഐയുടെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചു.
മാർച്ച് ഒന്നിന് ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ കഫെയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ശേഷം ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.