തൃശൂർ പൂരം പ്രതിസന്ധിയിൽ; വനംവകുപ്പ് സർക്കുലർ പിൻവലിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം
Saturday, April 13, 2024 12:16 PM IST
തൃശൂർ: പൂരം പ്രതിസന്ധിയിലെന്ന് പാറമേക്കാവ് ദേവസ്വം. പൂരത്തെ തകർക്കാൻ ശ്രമം നടക്കുന്നു. അപ്രായോഗികമായ നിർദേശങ്ങളാണ് വനംവകുപ്പിന്റേത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും ദേവസ്വം വ്യക്തമാക്കി.
മറ്റു പൂരങ്ങൾ നടന്നപ്പോൾ ഈ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ഈ നിർദേശങ്ങൾക്കനുസരിച്ച് പൂരം നടത്താൻ സാധിക്കുമോയെന്ന് സംശയമാണെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു.
ആനകളിൽ നിന്നും മേളക്കാർ 50 മീറ്റർ ദൂരം പാലിക്കണം എന്നത് പ്രായോഗികമല്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ പിൻവലിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.
തൃശൂർ പൂരത്തെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വവും പ്രതികരിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം. അപ്രായോഗിക സർക്കുലറാണ് വനംവകുപ്പിന്റേതെന്നും ദേവസ്വം വ്യക്തമാക്കി.
പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ചൊവ്വാഴ്ച ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തീവെട്ടി, താളമേളം, പടക്കം എന്നിവ ആനകളിൽനിന്ന് 50 മീറ്റർ അകലം പാലിക്കണമെന്ന് നിർദേശിച്ച് വനംവകുപ്പ് സർക്കുലറും പുറത്തിറക്കിയിരുന്നു.
ഇതിനെതിരെയാണ് ദേവസ്വങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരുന്നത്. വിഷയത്തിൽ ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും.