കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെതിരെ രണ്ടു വർഷത്തിനു ശേഷം സഹകരണ വകുപ്പ് പരാതി നൽകി
Saturday, April 13, 2024 11:42 AM IST
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ സഹകരണ വകുപ്പ് പോലീസിൽ പരാതി നൽകി. ഭാസുരാംഗൻ 101 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറാണ് പരാതി നൽകിയത്.
ക്രമക്കേട് നടന്ന് രണ്ട് വർഷത്തിനു ശേഷമാണ് പരാതിയുമായി സഹകരണ വകുപ്പ് പോലീസിനെ സമീപിക്കുന്നത്. ജോയിന്റ് രജിസ്ട്രാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഭാസുരാംഗനെതിരെ ചുമത്തിയിരിക്കുന്നത്. ഭാസുരാംഗൻ ബാങ്കിൽ അഴിമതി നടത്തിയെന്ന് നേരത്തെ സഹകരണ വകുപ്പുതന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു നടപടിയും അന്ന് സ്വീകരിച്ചിരുന്നില്ല.