താത്കാലിക ആശ്വാസം; ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു
Saturday, April 13, 2024 10:47 AM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാര്‍ഡുകളും തകർത്ത് റോക്കറ്റ് പോലെ കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. 560 രൂപയാണ് ഇന്ന് കുറഞ്ഞത്. 53,200 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,560 രൂപയാണ്.
ഇസ്രായേലിനെതിരേ ഇറാന് ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിമിത്തം കഴിഞ്ഞദിവസം അന്താരാഷ്ട്ര സ്വര്‍ണവില 2,400 ഡോളര്‍ കടന്നിരുന്നു. പിന്നീട് 80 ഡോളര്‍ ഇടിഞ്ഞ് സ്വര്‍ണവില 2,343 ഡോളറിലേക്ക് എത്തിയിരുന്നു.
ഇതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണമായത്. എന്നാല്‍ വില ഇടിവ് താത്ക്കാലികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. അതിന് ശേഷം സ്വര്‍ണവില ഒരുഘട്ടത്തിലും അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല.
പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്ന് മൂന്നിന് 600 രൂപ വര്‍ധിച്ച് 51,000 കടന്നു. ആറിന് ഒറ്റയടിക്ക് 960 രൂപ കൂടി 5,2000 പിന്നിട്ടിരുന്നു.
വ്യാഴാഴ്ചയും ബുധനാഴ്ചയും പവന് 80 രൂപ വീതവും ചൊവ്വാഴ്ച 280 രൂപയും വർധിച്ചിരുന്നു. 53,000 പിന്നിടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഒറ്റയടിക്ക് 800 രൂപ കൂടി 54,000 രൂപയുടെ അടുത്തെത്തിയത്.