ഗോവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 20പേര് കസ്റ്റഡിയില്‍
Saturday, April 13, 2024 10:13 AM IST
പനാജി: തെക്കന്‍ ഗോവയിലെ വാസ്കോയിലെ വഡെമില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. വാസ്കോ പോലീസ് 376, 302 വകുപ്പുകള്‍ പ്രകാരം ലൈംഗികാതിക്രമത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന 20 തൊഴിലാളികളെ ചോദ്യംചെയ്തുവരികയാണ്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് ഇരയെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി പിതാവിനൊപ്പമുണ്ടായിരുന്ന കുട്ടി വെളുപ്പിന് അമ്മയ്ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
എന്നാല്‍ രണ്ടോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.