ഡൽഹിക്കു രണ്ടാം ജയം
Saturday, April 13, 2024 1:04 AM IST
ലക്നോ: ഡൽഹി ക്യാപ്പിറ്റൽസിനു മുന്നിൽ ലക്നോ സൂപ്പർ ജയ്ന്റ്്സ് കറങ്ങി വീണു. ആറ് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. 2024 സീസണിൽ ഡൽഹിയുടെ രണ്ടാം ജയമാണ്. സ്കോർ: ലക്നോ 167/7 (20). ഡൽഹി 170/4 (18.1).
168 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു വേണ്ടി ജേക്ക് ഫ്രേസർ മക്ഗുർക്ക് 35 പന്തിൽ 55 റണ്‍സ് നേടി. ക്യാപ്റ്റൻ ഋഷഭ് പന്ത് (24 പന്തിൽ 44), പൃഥി ഷാ (22 പന്തിൽ 32) എന്നിവരും ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി തിളങ്ങി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്നോവിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. 13 പന്തിൽ 19 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ഖലീൽ അഹമ്മദ് വിക്കറ്റിനു മുന്നിൽ കുടുക്കി പുറത്താക്കി. തുടർച്ചയായ അഞ്ചാം ഇന്നിംഗ്സിലും ദേവ്ദത്ത് പടിക്കലിനു (3) രണ്ടക്കം കാണാൻ സാധിച്ചില്ല.
മാർക്കസ് സ്റ്റോയിൻസിനു (8) പിന്നാലെ നിക്കോളാസ് പുരാനെ (0) ഗോൾഡൻ ഡക്കാക്കി കുൽദീപ് യാദത് ലക്നോവിനെ കറക്കി വീഴ്ത്തി.
ഒരറ്റത്ത് പൊരുതിനിന്ന കെ.എൽ. രാഹുലിനെയും (22 പന്തിൽ 39) കുൽദീപ് മടക്കി. എന്നാൽ, ആയുഷ് ബഡോണിയുടെ (35 പന്തിൽ 55 നോട്ടൗട്ട്) അർധസെഞ്ചുറി ലക്നോയെ 20 ഓവറിൽ 167/7 എന്ന സ്കോറിൽ എത്തിച്ചു.