മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
Friday, April 12, 2024 7:46 PM IST
പത്തനംതിട്ട: മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ സന്നിധാനത്ത് ദർശനത്തിനെത്തുന്നത് വിഷുവിനാണ്.
ഏപ്രിൽ 14 ന് പുലർച്ചെ വിഷു ദിനത്തിൽ രാവിലെ നാലിന് നട തുറക്കും. തുടർന്ന് ഏഴ് വരെ വിഷുക്കണി ദർശനം. ശേഷം ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും കൈനീട്ടം നൽകും.
തുടർന്ന് പതിവ് അഭിഷേകവും ഉഷപൂജയും നെയ്യഭിഷേകവും നടക്കും. ഉച്ചക്ക് ഒന്നിന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും.
തുടർന്ന് വൈകുന്നേരം അഞ്ച് മുതൽ നട തുറന്ന് ഭക്തർക്ക് ദർശനം അനുവദിക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ വിഷു ദിനത്തിലെ പ്രത്യേക പൂജകൾ അവസാനിക്കും. 18 വരെ മേടമാസ പൂജകൾക്കായ് ശബരിമല നട തുറന്നിരിക്കും.