പാലക്കാട് പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം
Friday, April 12, 2024 6:09 PM IST
പാലക്കാട്: പട്ടാപ്പകൽ മോഷ്ടാവ് യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. പട്ടാമ്പി ആനക്കരയിൽ വെള്ളിയാഴ്ചയാണ് സംഭവം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് മോഷണം നടത്തിയത്.
ഇവരുടെ ശരീരത്തിൽ ധരിച്ചിരുന്നതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ 15 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടാവ് കവർന്നു. മോഷണ സമയം യുവതിയുടെ ഭർത്താവ് മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു. അമ്മ കുളിക്കുകയുമായിരുന്നു.
ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടിൽ പ്രവേശിച്ചത്. കുളിമുറിയിൽനിന്ന് അമ്മ പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.