തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു
Friday, April 12, 2024 4:31 PM IST
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ രാവിലെ പത്തു മുതൽ തുറന്നുതുടങ്ങി. മൂന്നാംഘട്ട ബണ്ടിന്റെ (മധ്യഭാഗത്തുള്ള പുതിയ ബണ്ടിന്റെ) ഷട്ടറുകളാണ് ആദ്യം തുറന്നത്. സങ്കേതിക തടസങ്ങൾ ഉണ്ടായില്ലെങ്കിൽ അഞ്ചു ദിവസങ്ങൾകൊണ്ട് എല്ലാ ഷട്ടറുകളും ഉയർത്താനാകുമെന്നു മെക്കാനിക്കൽ വിഭാഗം അറിയിച്ചു.
കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ദിവസം വൈകിയാണ് ബണ്ട് തുറന്നത്. ഇപ്പോൾ ബണ്ട് തുറക്കുന്നതുകൊണ്ടു കുട്ടനാടിന് എന്തെല്ലാം ഗുണങ്ങളുണ്ടാകുമെന്നത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. മഴ പെയ്യുകയും കിഴക്കൻ വെള്ളം എത്തുകയും ചെയ്താൽ വലിയ പ്രയോജനം കുട്ടനാടിനു ലഭിക്കുകയില്ല. കടലിൽനിന്ന് ഉപ്പുവെള്ളം കയറി ജലമാലിന്യങ്ങൾ നശിപ്പിക്കുകയുമില്ല.
വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിക്കൊണ്ടിരുന്നെങ്കിലെ ഉപ്പുവെള്ളം കുട്ടനാടൻ ജലാശയങ്ങളിൽ കയറി മാലിന്യം നശിപ്പിക്കുകയുള്ളു. ഷട്ടറുകൾ തുറക്കുമ്പോൾ അപ്പർ കുട്ടനാട്ടിലേക്കു വെള്ളം ശക്തമായി ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ.
അമിതമായ ചൂടിൽ ഒട്ടുമിക്ക ജലാശയങ്ങളിലേയും വെള്ളം വറ്റിക്കഴിഞ്ഞു. ഇത് കടൽ വെള്ളം കയറാൻ സഹായകമാകും. ഉപ്പുവെള്ളം കയറുകയാണെങ്കിൽ ഓരു മുട്ടുകൾ ബലപ്പെടുത്തി കുടിവെള്ള വിതരണത്തിനു ദോഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.
ജലാശയങ്ങൾ കൈയടക്കിയ ആഫ്രിക്കൻ പായലും ജർമൻ പോളയും ഉപ്പുവെള്ളം കയറിയെങ്കിലെ നശിക്കു. മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും ഷട്ടറുകൾ യഥാസമയം അടക്കുകയും തുറക്കുകയും ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഷട്ടറുകൾ തുറക്കുന്നതിനാൽ കായലിൽ പണിയെടുക്കുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.