തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി
Friday, April 12, 2024 3:51 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മീഡിയ മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പോലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.
വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിമയാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ഇല്ലാതെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും.
സ്ഥാനാർഥികൾക്ക് മണ്ഡലങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
സംസ്ഥാന തലത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വേണം.
പോളിംഗ് ദിവസവും തൊട്ടു മുൻപുള്ള ദിവസവും അച്ചടി മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.