രാമേശ്വരം കഫേ സ്ഫോടനം: മുഖ്യപ്രതികള്‍ ബംഗാളിൽ പിടിയില്‍
Friday, April 12, 2024 12:08 PM IST
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. കര്‍ണാടകയിലെ ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന് താഹ, മുസവീര്‍ ഹുസൈന് ഷാജിഹ് എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നിന്നാണ് പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികള്‍ വ്യാജ പേരുകളില്‍ കോല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. പ്രതികളെ പിടികൂടാൻ കേരള, കർണാടക പോലീസ് സംഘങ്ങളുടെ സഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരുമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന അബ്ദുള്‍ മതീന് താഹയ്ക്കെതിരേ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, മുസവീര്‍ ഹുസൈന് ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് എൻഐഎ കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ നിരവധിതവണ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
മാർച്ച് ഒന്നിന് ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ കഫെയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതന്‍ ബോംബ് അടങ്ങിയ ബാഗ് വാഷ്റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.