എന്റെ പൊന്നോ ഇതെങ്ങോട്ട്? 54,000 തൊടാൻ സ്വർണം; ഒറ്റയടിക്ക് കൂടിയത് 800 രൂപ
Friday, April 12, 2024 10:50 AM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും കുതിച്ച് റോക്കറ്റ് പോലെ കുതിച്ച് സ്വർണവില. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണവില പവന് 53,760 രൂപയിലും ഗ്രാമിന് 6,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,620 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,500 രൂപയ്ക്ക് അടുത്ത് നൽകണമെന്ന അവസ്ഥയാണ്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. അതിന് ശേഷം സ്വര്‍ണവില ഒരുഘട്ടത്തിലും അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല.
പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്ന് മൂന്നിന് 600 രൂപ വര്‍ധിച്ച് 51,000 കടന്നു. ആറിന് ഒറ്റയടിക്ക് 960 രൂപ കൂടി 5,2000 പിന്നിട്ടിരുന്നു.
വ്യാഴാഴ്ചയും ബുധനാഴ്ചയും പവന് 80 രൂപ വീതവും ചൊവ്വാഴ്ച 280 രൂപയും വർധിച്ചിരുന്നു. 53,000 പിന്നിടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഒറ്റയടിക്ക് 800 രൂപ കൂടി 54,000 രൂപയുടെ അടുത്തെത്തിയത്. പത്ത് ദിവസത്തിനിടെ 3,000 രൂപയിലധികമാണ് വര്‍ധിച്ചത്.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വർണവില 2,383 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയും ഉയരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയിൽ തുടരുകയാണ്.