മുംബൈയ്ക്ക് വെടിക്കെട്ട് ജയം
Thursday, April 11, 2024 11:29 PM IST
മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് വെടിക്കെട്ട് ജയം. ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. സ്കോർ: ബംഗളൂരു 20 ഓവറിൽ 196-8. മുംബൈ 15.3 ഓവറിൽ 199-3.
ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അർധ സെഞ്ചുറി പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണറുമാരായ ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് ഒരുക്കിയത്. ഇഷാൻ 34 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 69 റണ്‍സെടുത്താണ് മടങ്ങിയത്. രോഹിത്ത് 38 റണ്‍സും നേടി. ഇരുവരും ചേർന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
ഇഷാനു പിന്നാലെ ഇംപാക്ട് പ്ലേയറായി കളത്തിലെത്തിയ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയുടെ വിജയത്തിനു വേഗം കൂട്ടിയത്. 19 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 52 റണ്‍സെടുത്താണ് സൂര്യകുമാർ കളം വിട്ടത്. പുറത്താകാതെ നായകൻ ഹാർദിക് പാണ്ഡ്യ ആറ് പന്തിൽ 21 റണ്‍സും തിലക് വർമ പത്ത് പന്തിൽ 16 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനെ നായകൻ ഫാഫ് ഡുപ്ലെസി (40 പന്തിൽ 61), രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേശ് കാർത്തിക് (23 പന്തിൽ 53 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറികളാണ് മികച്ച നിലയിലെത്തിച്ചത്. ഐപിഎല്ലിൽ കാർത്തികിന്റെ 21-ാം അർധസെഞ്ചുറിയാണ്.
അതേസമയം ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിനു പുറത്തായി നാണംകെട്ട റിക്കാർഡ് നേടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്നതിൽ ദിനേശ് കാർത്തികിനും രോഹിത് ശർമയ്ക്കും ഒപ്പം (17) മാക്സ്വെൽ എത്തി. 2024 സീസണിൽ ഓസീസ് താരത്തിന്റെ മൂന്നാം ഡക്കാണ്.
മുംബൈയ്ക്കായി നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി പേസർ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഐപിഎല്ലിൽ ബുംറയുടെ രണ്ടാമത് അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഐപിഎൽ ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന നാലാമത് ബൗളറായി ബുംറ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളർ (29) എന്ന നേട്ടവും ബുംറ സ്വന്തമാക്കി. വിരാട് കോഹ്ലി (3), ഫാഫ് ഡുപ്ലെസി (61), മഹിപാൽ ലോംറോർ (0), സൗരവ് ചൗഹാൻ (9), വിജയ് കുമാർ (0) എന്നിവരായിരുന്നു ബുംറയുടെ ഇരകൾ.