കളം മുറുകി; ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലേക്ക്
Thursday, April 11, 2024 9:34 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ദേശിയ നേതാക്കളുടെ ഒരുനിര തന്നെ കേരളത്തിലെത്തും. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി കേരളത്തിലെത്തും.
ആറ്റിങ്ങൽ, ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിലാണ് മോദിയുടെ പ്രചാരണ പരിപാടികൾ. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും എൻഡിഎയ്ക്കായി കേരളത്തിൽ പ്രചാരണത്തിനെത്തുന്നുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂർ എന്നിവർ കോഴിക്കോട്ടും മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും പുരുഷോത്തം രൂപാല, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ആലപ്പുഴയിലും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രസംഗിക്കും.
15ന് വൈകിട്ട് കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 16ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിരുവനന്തപുരത്തും കണ്ണൂരിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും.
18ന് കനയ്യ കുമാറും കേരളത്തിലെത്തുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരും യുഡിഎഫിനായി പ്രചാരണത്തിനെത്തുന്നുണ്ട്.
ഇടതുമുന്നണിക്കായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രചാരണത്തിനെത്തും.
16 മുതൽ 21 വരെയാണ് യെച്ചൂരിയുടെ കേരളത്തിലെ പ്രചാരണം. പിബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണൻ, തപൻ സെൻ എന്നിവരും പ്രചാരണത്തിനെത്തും.