വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതും: ആന്റണി
Thursday, April 11, 2024 9:18 PM IST
തിരുവനന്തപുരം: മൂന്നാമതൊരിക്കൽ കൂടി ആർഎസ്എസ് പിന്നിൽനിന്നു ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കുമെന്നും വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.
ഇന്ത്യാ മുന്നണിയുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ സാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോൾതന്നെ ഭരണഘടന മാറ്റാനുളള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് മേൽനോട്ടത്തിൽ ഡോ. ബി.ആർ. അംബേദ്ക്കർ തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും. അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും ആന്റണി പറഞ്ഞു.
അംബേദ്ക്കർ തയാറാക്കിയ ഭരണഘടന മാറ്റാനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ട്. ബിജെപിക്കുള്ള പിന്തുണ കുറയുന്നതിന്റെ സൂചനകൾ നരേന്ദ്ര മോദിയുടെ ശരീരഭാഷയിൽനിന്ന് മനസിലാക്കാമെന്നും ആന്റണി പറഞ്ഞു.
പ്രധാനമന്ത്രിയെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് വ്യക്തമാകും. നിരാശ ബാധിച്ചിട്ടുണ്ടെന്ന് ശരീര ഭാഷയിൽനിന്നു വ്യക്തമാണ്. ഇന്ത്യാ മുന്നണിയുടെ സാധ്യകളാണു തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.