പോഷകസംഘടനയല്ലെങ്കിൽ ഡിവൈഎഫ്ഐ ബോംബ് നിർമാണ ഫാക്ടറിയാണോ: രാഹുൽ മാങ്കൂട്ടത്തില്‍
Thursday, April 11, 2024 7:57 PM IST
കോഴിക്കോട്: ഡിവൈഎഫ്ഐ പോഷക സംഘടന അല്ലെങ്കില്‍ ബോംബ് നിര്‍മാണ ഫാക്ടറിയാണോയെന്ന് എം.വി. ഗോവിന്ദന് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
തൊട്ടടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവിനെ റീല്‍സ് ഇടാന്‍ മാത്രമാണോ സിപിഎം സഹായിക്കുന്നത്. ആ വ്യക്തി മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
പാനൂര്‍ സ്ഫോടനത്തില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രദേശത്ത് നടന്ന ബോംബ് നിര്‍മാണത്തില്‍ മറുപടി പറയേണ്ട ഉത്തരവാദിത്വം സംഘടനയുടെ സെക്രട്ടറിക്ക് ഉണ്ടെന്നും രാഹുല്‍ പറഞ്ഞു.
പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചത്. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.