കരുവന്നൂർ കേസ്: പി.കെ. ബിജുവിനെ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു
Thursday, April 11, 2024 7:11 PM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിട്ടയച്ചു. എട്ടര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
രണ്ട് ദിവസം 15 മണിക്കൂറിലേറെ ഇഡി ബിജുവിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്.
കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാര്‍ നല്കിയ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബിജുവിനോട് ആരായുന്നത്. സതീഷ്കുമാര്‍ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി സിപിഎം കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന് മൊഴി നല്‍കിയിരുന്നു.
സതീഷ്കുമാറുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇഡി ബിജുവിനോട് ചോദിച്ചിരുന്നു.
ബാങ്കിലെ തട്ടിപ്പില്‍ ബിജുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സംബന്ധിച്ചും ഇഡി ചോദിക്കുകയുണ്ടായി. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.