"പരലോകത്തേക്ക് അയയ്ക്കും'; സിപിഎമ്മിന്റെ വധഭീഷണി ഉണ്ടെന്ന് കാസര്‍ഗോട്ടെ അപരസ്ഥാനാര്‍ഥി
Thursday, April 11, 2024 12:49 PM IST
കാസര്‍ഗോഡ്: സിപിഎം പ്രാദേശിക നേതാക്കള്‍ വധഭീഷണി മുഴക്കിയെന്ന് കാസര്‍ഗോട്ടെ അപരസ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്. നിലേശ്വരം വള്ളികുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന് എന്നിവര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി.
വീടിന് സമീപത്തെ കടയ്ക്ക് മുന്നില്‍ വച്ചായിരുന്നു ഭീഷണി. ശരീരം സൂക്ഷിക്കണം, അപകടമാണ്. നിന്റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കും എന്ന് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തി. പരലോകത്തേക്ക് അയയ്ക്കുമെന്ന് അടക്കം പറഞ്ഞെന്നും ബാലകൃഷ്ണന് ആരോപിച്ചു.
സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ട്. താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണെന്നും സിപിഎമ്മിലെ അഴിമതിക്കെതിരേ പോരാടാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രിക പിന്‍വലിക്കാന്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.