ജൂലിയൻ അസാൻജിനെതിരെയുള്ള നടപടി പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കും: ബൈഡൻ
Thursday, April 11, 2024 5:07 AM IST
വാഷിംഗ്ടൺ ഡിസി: വീക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരെയുള്ള നടപടികൾ പിൻവലിക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യർഥന താൻ പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ഓസ്ട്രേലിയയുടെ അഭ്യർഥനയോട് പ്രതികരണമുണ്ടോ എന്ന് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ വച്ച് “ഞങ്ങൾ അത് പരിഗണിക്കുകയാണ്,”എന്ന് ബൈഡൻ മറുപടി നൽകി. എന്നാൽ ഇതേപ്പറ്റി വിശദീകരിക്കാൻ ബൈഡൻ തയാറായില്ല.
2010ൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് ഓസ്ട്രേലിയൻ പൗരനായ അസാഞ്ച് (52) യുഎസ് സർക്കാരിന്റെ നോട്ടപ്പുള്ളിയായത്. ഇയാൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ 175 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അസാൻജിന്റെ ഭാര്യ സ്റ്റെല്ല, ബൈഡന്റെ അഭിപ്രായത്തിന് മറുപടിയായി "ശരിയായ കാര്യം ചെയ്യുക. കുറ്റങ്ങൾ ഉപേക്ഷിക്കുക' എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. അസാൻജിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിക്കുകയാണെന്നും അമേരിക്കയിലേക്ക് അയച്ചാൽ തന്റെ ഭർത്താവ് മരിക്കുമെന്നും അവർ നേരത്തെ പറഞ്ഞിരുന്നു.