കേരള കോൺഗ്രസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി. തോമസ്
Wednesday, April 10, 2024 6:57 PM IST
കോട്ടയം: കേരള കോൺഗ്രസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി. തോമസ്. കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു താനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാനായി പി.സി. തോമസ് നിലപാട് വ്യക്തമാക്കിയത്.
താൻ ചൊവ്വാഴ്ച പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ താൻ പോയത് അദ്ദേഹത്തിന്റെ ചരമ ദിനമാണെന്നതിനാലാണ്. മാത്രമല്ല തന്റെ പിതാവ് പി.റ്റി. ചാക്കോയുടെ സഹോദരിയാണ് കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ (പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ). അവര്‍ തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ടാണ് സന്ദർശിക്കുവാൻ പോയതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് താൻ പോയത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത പൂർണമായും തെറ്റാണെന്നും തോമസ് പറഞ്ഞു.
ജോസ് വീട്ടിൽ ഇല്ലെന്നും കോട്ടയത്താണെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് പോയതെന്നും മുമ്പ് പലവട്ടവും താൻ അവിടെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന താൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനു വേണ്ടി കഴിയുന്നത്ര പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും മറ്റൊരു രാഷ്ട്രീയ ചിന്താഗതിയോ മാറ്റമോ തനിക്കില്ലെന്നും പി.സി വ്യക്തമാക്കി.