"ഞങ്ങൾ അന്ധരല്ല, ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ട': പതഞ്ജലിയുടെ രണ്ടാമത്തെ ക്ഷമാപണവും സുപ്രീം കോടതി തള്ളി
Wednesday, April 10, 2024 12:54 PM IST
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവിന്റെയും മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയുടെയും നിരുപാധിക മാപ്പ് സുപ്രീം കോടതി തള്ളി.
പതഞ്ജലിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റീസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച്, കമ്പനിയുടെ പ്രവർത്തനങ്ങൾ സുപ്രീം കോടതി ഉത്തരവുകളുടെ ബോധപൂർവവും ആവർത്തിച്ചുള്ളതുമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
"ഞങ്ങൾ അന്ധരല്ല" എന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കിയ കോടതി ഒരേ പോലെ പല മാപ്പപേക്ഷ നല്കിയാല് കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും ചോദിച്ചു.
പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്കി.
നടപടിക്രമങ്ങളുടെ തുടക്കത്തിൽ, രാംദേവും ബാലകൃഷ്ണയും ആദ്യം മാധ്യമങ്ങൾക്ക് മാപ്പ് അയച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി. രാംദേവിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ഹാജരായത്.
വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും 16ന് പരിഗണിക്കും. അന്ന് രാംദേവ് ഉൾപ്പെടെയുള്ളവർ വീണ്ടും നേരിട്ട് ഹാജരാകണം.
അതേസമയം, പതഞ്ജലിക്കെതിരെ കേന്ദ്രസർക്കാരും സുപ്രീം കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര സർക്കാർ സത്യവാംഗ്മൂലത്തിൽ അറിയിച്ചു.
കോവിഡ് കാലത്ത് പ്രതിരോധ മരുന്നെന്ന രീതിയിൽ കൊറോണിൽ പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുമ്പാണെന്നും കേന്ദ്രം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാംഗ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിൽ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാംഗ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, സത്യവാംഗ്മൂലം സുപ്രീംകോടതി തള്ളിയത്. തുടർന്ന് വീണ്ടും മറുപടികൾ സമർപ്പിക്കാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി.