ഛത്തീസ്ഗഡിൽ സ്ഫോടക വസ്തുക്കളുമായി അഞ്ച് നക്സലേറ്റുകൾ പിടിയിൽ
Wednesday, April 10, 2024 12:46 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ അഞ്ച് നക്സലേറ്റുകൾ പിടിയിൽ. ഇവരിൽ ഒരാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തർ ഡിവിഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരിൽ പൊട്ടം ഭീമ (35), ഹേംല ഭീമ (32) എന്നിവരെ ജില്ലാ റിസർവ് ഗാർഡും ലോക്കൽ പോലീസും ചേർന്ന് സുക്മ ജില്ലയിലെ ചിന്തൽനാർ പ്രദേശത്തെ വനമേഖലയിൽ പരിശീലനത്തിനിടെ പിടികൂടിയെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ജി. ചവാൻ പറഞ്ഞു.
പൊട്ടം ഭീമ, നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ശൂർപ്പാൻഗുഡ റവല്യൂഷണറി പീപ്പിൾസ് കൗൺസിലിന്റെ കീഴിലുള്ള ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്ദൂർ സംഘ് പ്രസിഡന്റായിരുന്നു. ഇയാളുടെ തലയ്ക്കാണ് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നത്. ഇവരിൽ നിന്ന് ഒരു പൈപ്പ് ബോംബ്, മൂന്ന് പെൻസിൽ സെല്ലുകൾ, കോർഡക്സ് വയറുകളുടെ ബണ്ടിലുകൾ എന്നിവ പിടിച്ചെടുത്തു.
ബീജാപുർ ജില്ലയിൽ നിന്നാണ് മറ്റ് മൂന്നുപേരെ പിടികൂടിയത്. ഇവരിൽ നിന്നും സ്ഫോടക വസ്തുകൾ കണ്ടെത്തി. പെർമാപള്ളി ഗ്രാമത്തിന് സമീപം നാഗേഷ് കട്ടം(22), സുരേഷ് കാക്ക(30), ദുല കാക്ക(33) എന്നിവരെ സെൻട്രൽ റിസർവ് പോലീസ് സേനയും പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയതായി ബീജാപൂർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
ഇവരിൽ നിന്ന് ഒരു ഡിറ്റണേറ്ററും ജലാറ്റിൻ സ്റ്റിക്കും മാവോയിസ്റ്റ് ലഘുലേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 11 സീറ്റുകളിൽ മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തർ ലോക്സഭാ മണ്ഡലം മാത്രമാണ്.