ഒൻപത് വർഷം ഒളിവിൽ കഴിഞ്ഞ 108 കേസുകളിലെ പ്രതി പിടിയിൽ
Wednesday, April 10, 2024 12:04 AM IST
അമൃത്സർ: പഞ്ചാബിൽ 100 ലധികം കേസുകളിലെ പ്രതിയെ ഒൻപത് വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. നീരജ് അറോറ എന്ന നീരജ് തത്തൈ എന്നയാളെയാണ് ഉത്തരാഖണ്ഡിൽ നിന്നും പഞ്ചാബ് പോലീസ് പിടികൂടിയത്.
സ്ഥലം വാങ്ങുന്നതിന് ആളുകളിൽ നിന്നും പണം മുൻകൂറായി കൈപ്പറ്റിയതിന് ശേഷം മുങ്ങുന്നയാളായിരുന്നു നീരജ്. നീരജ് അറോറ കഴിഞ്ഞ ഒൻപത് വർഷങ്ങളായി ഒളിവിലായിരുന്നുവെന്നും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ 21 ജില്ലകളിലായി 108 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐജിപി) ഗുർശരൺ സിംഗ് സന്ധു പറഞ്ഞു. ആകെ 108 എഫ്ഐആറുകളിൽ 47 എണ്ണം ഫാസിൽകയിലും എട്ട് എണ്ണം ഫിറോസ്പൂരിലും ആറ് വീതം പട്യാലയിലും ഫത്തേഗഡ് സാഹിബിലും അഞ്ച് വീതം രൂപ്നഗർ, മൊഹാലി, എസ്എഎസ് നഗർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫരീദ്കോട്ട്, ശ്രീ മുക്ത്സർ സാഹിബ്, ജലന്ധർ കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ നാല് കേസുകളുമുണ്ട്.
2016 ഫെബ്രുവരിയിൽ ഫാസിൽക്ക പോലീസ് അറസ്റ്റ് ചെയ്ത നീരജ് അറോറ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയെന്നും 2017 ഫെബ്രുവരിയിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചെന്നും പോലീസ് പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിരവധി റിട്ട് ഹർജികൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വ്യാജ ഐഡികൾ ഉപയോഗിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രഞ്ജിത് സിംഗ് ധില്ലൺ പറഞ്ഞു. പ്രതിക്ക് 1,200 ഏക്കറിലധികം ഭൂമിയും പഞ്ചാബിലും മധ്യപ്രദേശിലുമായി 1,000 കോടിയിലധികം വിലമതിക്കുന്ന 200 റസിഡൻഷ്യൽ ഫ്ളാറ്റുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗഡി ജില്ലയിലെ ശ്രീ നഗർ ഗർവാളിൽ നിന്നാണ് നീരജ് അറോറയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ആഡംബര കാർ, മൊബൈൽ ഫോണുകൾ, വ്യാജരേഖകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.