പാനൂരില്‍ പിടിയിലായ ഡിവൈഎഫ്ഐക്കാരന് "സന്നദ്ധ പ്രവര്ത്തകന്': എം.വി. ഗോവിന്ദന്
Monday, April 8, 2024 2:42 PM IST
കൊച്ചി: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അപകടമുണ്ടായ സംഭവത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമേയുള്ളൂവെന്നും അദേഹം വ്യക്തമാക്കി.
സ്ഫോടനത്തില്‍ പിടികൂടിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് സാമൂഹ്യ പ്രവര്‍ത്തകനാണ്. അതിന്റെ ഭാഗമായാണ് ഇയാള്‍ അപകടസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതാണ്. ഇക്കാര്യം പരിശോധിക്കണമെന്നും ഗോവിന്ദന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലാണ്. സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല. കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്,. ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര് ക്ഷമിക്കുകയാണ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ബോംബ് നിര്‍മാണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെയാണ് സിപിഎം ആവര്‍ത്തിച്ച് പറയുന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരുക്കേറ്റ വിനീഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.