കരുവന്നൂര്‍ കേസ്: പി.കെ. ബിജുവിനെയും വര്‍ഗീസിനെയും ഇഡി ഇന്നും ചോദ്യംചെയ്യും
Monday, April 8, 2024 8:45 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജു, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ വ്യാഴാഴ്ച എട്ടര മണിക്കൂറോളം ബിജുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
നേരത്തെ, ഇഡി ചോദ്യം ചെയ്യലിനിടെ വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ ദേശസാല്‍കൃത ബാങ്കിലെ പണമിടപാടിലാണ് നടപടി.
ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തതിനു പിന്നാലെ സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാകും ബിജുവില്‍ നിന്ന് ഇഡി ഇന്നു വിവരങ്ങള്‍ തേടുക. അഞ്ചു കോടി രൂപയിലേറെ പണം മരവിപ്പിച്ച അക്കൗണ്ടില്‍ ഉണ്ടെന്നാണു കണ്ടെത്തല്‍.
പണത്തിന്റെ ഉറവിടം, ഇതില്‍നിന്ന് എം.എം. വര്‍ഗീസ് പിന്‍വലിച്ച പണം എന്നീ കാര്യങ്ങളിലും ഇഡി വിശദീകരണം തേടും. ബിജുവിന്റെ സാമ്പത്തിക കാര്യങ്ങളിലും ഇഡി അന്വേഷണം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം.