സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
Monday, April 8, 2024 2:47 AM IST
അമൃത്സർ: അനധികൃത ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പട്രോളിംഗ് നടത്തിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പഞ്ചാബിലെ നാരൈൻഗർഹ് പ്രദേശത്താണ് സംഭവം.
മാർച്ച് 28 പുലർച്ചെ ഒന്നോടെ നാരായൻഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കാറിൽ മനഃപൂർവം മറ്റൊരു വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു വാഹനം. എസ്ഡിഎം യാഷ് ജാലുകയും അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഗാർഡും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
എസ്യുവിയിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർ ഖനന മാഫിയയുമായി ബന്ധമുള്ളവരാണെന്നാണ് സംശയിക്കുന്നത്.
എസ്ഡിഎമ്മിന്റെ സെക്യൂരിറ്റി ഗാർഡിന്റെ പരാതിയിൽ, വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ സർക്കാർ ജോലി തടസപ്പെടുത്തൽ, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരം നാരായൺഗർഹ് പോലീസ് ഏപ്രിൽ ആറിന് കേസെടുത്തു.
നരൈൻഗർഹ് പ്രദേശത്തെ നദികളിലെ അനധികൃത ഖനനം തടയുന്നതിനായി അടുത്തിടെ ഇത്തരത്തിലുള്ള രണ്ട് പരിശോധനകളും റെയ്ഡുകളും നടത്തിയിരുന്നു.
ഏകദേശം രണ്ട് വർഷം മുമ്പ്, നുഹ് ജില്ലയിൽ അനധികൃത കല്ല് ഖനനത്തിനെതിരെ നടത്തിയ റെയ്ഡിനിടെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഓഫീസർ സുരേന്ദർ സിംഗിനെ ഒരു ഡമ്പർ ട്രക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു.
ഒരു വർഷം മുമ്പ്, ഖനന മാഫിയയിലെ ചില അംഗങ്ങൾ പാനിപ്പത്തിലെ ബാപോളി മേഖലയിൽ പോലീസ് സംഘത്തെ ആക്രമിച്ചിരുന്നു.