ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ അന്തരിച്ചു
Sunday, April 7, 2024 7:46 PM IST
കോഴിക്കോട്: താമരശേരി രൂപതാംഗം ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ (87) അന്തരിച്ചു. മൃതദേഹം 11ന് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ കോഴിക്കോട് മേരിക്കുന്ന് ഗുഡ് ഷെപ്പേര്‍ഡ് വൈദീക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
12ന് രാവിലെ ആറു മുതല്‍ കുറവിലങ്ങാടുള്ള കുടുംബവീടായ റോബി ചാണ്ടി ആശാരിപറമ്പിലിന്റെ ഭവനത്തിലും പൊതു ദര്‍ശനത്തിനു വച്ചശേഷം 12ന് ഉച്ചയ്ക്ക് രണ്ടിന് കുറവിലങ്ങാട് മര്‍ത്താ മറിയം മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ദേവാലയത്തില്‍ സംസ്കാരം നടത്തും. സംസ്കാര ശുശ്രൂഷകള്‍ക്ക് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
1937 ഒക്ടോബര്‍ 30ന് പാലാ രൂപതയിലെ കുറവിലങ്ങാട് പരേതരായ ആശാരിപറമ്പില്‍ ചെറിയാന് - മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി ജോര്‍ജ് ആശാരിപറമ്പില്‍ ജനിച്ചു. കുറവിലങ്ങാട് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാലാ രൂപതയുടെ ഗുഡ്ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു.
തുടര്‍ന്ന് ഉന്നത പഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. റോമില്‍വച്ച് 1962 ഡിസംബര്‍ 22ന് കാര്‍ഡിനല്‍ പീറ്റേര്‍സ് അഗാഗിയാനില് നിന്ന് വൈദീകപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1962 മുതല്‍ 1965 വരെയുള്ള കാലഘട്ടത്തില്‍ നടന്ന വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായിയായി സേവനം ചെയ്തു.
ജോണ്‍ 21 ആം മാര്‍പാപ്പായുടെ മരണശേഷം പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ തെരഞ്ഞെടുപ്പില്‍ കര്‍ദിനാള്‍മാരുടെ സഹായിയായി പ്രവര്‍ത്തിച്ചു. 1966ല്‍ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. 1966 മുതല്‍ 68 വരെയുള്ള കാലഘട്ടത്തില്‍ തലശേരി രൂപതയുടെ ചാന്‍സിലറായും ബിഷപ് വള്ളോപ്പിള്ളിയുടെ സെക്രട്ടറിയായും സേവനം ചെയ്തു.
1968 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ തലശേരി രൂപത മൈനര്‍ സെമിനാരി റെക്ടറായി സേവനമനുഷ്ഠിച്ചു. കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, കൂരാച്ചുണ്ട്, മലാപറമ്പ്, മരിയാപുരം, ചക്കിട്ടപാറ, താഴേക്കോട്, വാണിയമ്പലം ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
2013 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് കോഴിക്കോട് ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സിസ്റ്റര്‍ കാര്‍മല്‍ (ലില്ലി-സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ്, ചുണങ്ങംവേലി), ഫിലോമിന ചെറിയാന് പാലമറ്റത്തില്‍ (ഗ്രേസി), പരേതരായ മറിയക്കുട്ടി തോമസ് കാട്ടൂര്‍, ഏലിക്കുട്ടി തോമസ് ചെറുവള്ളില്‍, ജോണ്‍ ചെറിയാന്, എ.സി. ചാണ്ടി, അച്ചാമ്മ ജോസഫ് കൈതക്കോട്ടില്‍, സിസിലി ജോയ് പുലിയന്തുരുത്തിയില് എന്നിവര്‍ സഹോദരങ്ങളാണ്. ബംഗളൂരു ബാപ്പുസപ്പാളയം വികാരി ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ വിസി (ജൂണിയര്‍) സഹോദര പുത്രനാണ്.