കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ്; ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ കളക്ടറുടെ നിര്‍ദേശം
Friday, April 5, 2024 3:03 PM IST
കോട്ടയം: കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ്. ഇവരുടെ പത്രിക പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണെന്നടക്കമുള്ള പരാതിയാണ് യുഡിഎഫ് ഉന്നയിച്ചത്.
ഇതോടെ പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ അപരന്മാര്ക്ക് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഇന്ന് നാലിനകം ഇവരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പത്രിക തള്ളിയേക്കും.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് രണ്ട് അപരന്മാരാണ് ഉള്ളത്. ഇതില്‍ തൃശൂര്‍ അഞ്ചേരി സ്വദേശി ഫ്രാന്‍സിസ് ഇ.ജോണിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവച്ച 10 പേരും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഒരു ബൂത്തില്പ്പെട്ട വോട്ടര്‍മാരാണ്.
ഈ പത്ത് ഒപ്പുകളും ഒരാള്‍ തന്നെ ഇട്ടതാണെന്നാണ് യുഡിഎഫിന്റെ ആരോപണം. വോട്ടര്‍പട്ടിക നോക്കി പത്ത് പേരുടെ പേര് എഴുതിച്ചേര്‍ത്തതാണെന്നും പരാതിയുണ്ട്.
കൂവപ്പള്ളി സ്വദേശിയായ ഫ്രാന്‍സിസ് ജോര്‍ജിന്റെ പത്രിക പൂര്‍ണമല്ല. ഇതിലെ പല കോളങ്ങളും പൂരിപ്പിച്ചിട്ടില്ല. ഇത് ചട്ടവിരുദ്ധമായതിനാല്‍ പത്രിക തള്ളണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. യുഡിഎഫിന്റെ പരാതി മുഖവിലയ്ക്കെടുത്ത കളക്ടര്‍ ഇരുവരോടും പത്രികയില്‍ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.