ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും പുറത്ത്; പാഠപുസ്തകത്തില്‍ മാറ്റം വരുത്തി എന്‍സിഇആര്‍ടി
Friday, April 5, 2024 10:33 AM IST
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി(നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്). അടുത്ത അധ്യായന വര്‍ഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്.
വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പാഠപുസ്തകത്തില്‍ വരുത്തിയിട്ടുള്ളത്. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മിക്കാനായി എന്ന കാര്യം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സംഭവങ്ങളാണ് ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച്, എട്ട് അധ്യായങ്ങളിലാണ് നിലവില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.