മാധ്യമപ്രവർത്തകനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം തിരുത്തണം: കെയുഡബ്ല്യുജെ
Friday, April 5, 2024 3:04 AM IST
കാസർഗോട്: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. മാധ്യമ പ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല. ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെയുഡബ്ല്യുജെ കാസർഗോട് യൂണിറ്റ് അറിയിച്ചു.
ആവശ്യപ്പെട്ടിട്ടും ഉണ്ണിത്താൻ പ്രസ്താവന തിരുത്താൻ തയാറായില്ല. അദ്ദേഹം പറഞ്ഞ സമയത്തു തന്നെ പരാമർശം തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്. വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കും.
തെരഞ്ഞെടുപ്പ് സമയമായതിനാലാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. അതിനാൽ പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.