തായ്വാനിൽ വൻ ഭൂചലനം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
Wednesday, April 3, 2024 6:55 AM IST
ടോക്കിയോ: തായ്വാന്റെ കിഴക്കൻ മേഖലയിൽ വൻ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഇതേതുടർന്ന്, തെക്കൻ ജപ്പാന്റെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. തായ്വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിയാകോജിമ ദ്വീപ് ഉൾപ്പെടെ മേഖലയിലെ വിദൂര ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉടനടി പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.