ഇഡി വാദം തെറ്റ് ; തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സിഇഒ
Tuesday, April 2, 2024 6:47 PM IST
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഇഡി വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം ഹൈക്കോടതിയെ അറിയിച്ചു. കിഫ്ബി ശേഖരിച്ച പണത്തിന്റെ വിനിയോഗം കൂട്ടായെടുക്കുന്ന തീരുമാനമാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന ചുമതലയ്ക്കപ്പുറം തോമസ് ഐസകിന് മാത്രമായി പ്രത്യേക റോളില്ല. മസാല ബോണ്ട് ഇറക്കിയതിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്വം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് വ്യക്തമായ പങ്കുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കിഫ്ബി ശേഖരിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നത് ഫണ്ട് മാനേജർ ആണെന്നും ഇതിൽ തോമസ് ഐസകിന് ഒരു റോളുമില്ലെന്ന് കെ.എം.ഏബ്രഹാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മസാലബോണ്ട് കേസില്‍ തോമസ് ഐസക് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ ഹാജരാകില്ല. സമന്‍സ് ചോദ്യംചെയ്ത് ഐസക് നല്കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതില്‍ തുടര്‍ നടപടി.
മസാല ബോണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വരെ തോമസ് ഐസക്കിനെതിരേ മറ്റു നടപടികള്‍ സ്വീകരിക്കരുതെന്ന് ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.