കെ.സി.വേണുഗോപാൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി
Tuesday, April 2, 2024 6:00 PM IST
ആലപ്പുഴ: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കെ.സി.വേണുഗോപാൽ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കോടികൾ സന്പാദിച്ചെന്നാണ്
ശോഭാ സുരേന്ദ്രൻ ആരോപിച്ചത്.
കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ.സി.വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ടെന്നും ശോഭ ആരോപിച്ചിരുന്നു.
ഈ പരാമർശം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നൽകിയ കേസിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. വേണുഗോപാലിനു വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ ഹാജരായി.
വേണുഗോപാൽ തനിക്കെതിരെ പരാതി നൽകിയത് സ്വാഗതം ചെയ്യുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.