സുപ്രീം കോടതി വിധി: സർക്കാരിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് വി. മുരളീധരൻ
Tuesday, April 2, 2024 7:43 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാന്പത്തികമായി ഞെരുക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണു സുപ്രീം കോടതിയുടേതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രഥമദൃഷ്ട്യാ കേന്ദ്രവാദങ്ങൾക്കാണു ബലം എന്നു കോടതി പറയുന്പോൾ നരേന്ദ്ര മോദി സർക്കാരിനെതിരേ നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു കൈമാറി. ഭരണഘടനയുടെ 145(3) വകുപ്പുപ്രകാരം സമർപ്പിച്ച ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ജസ്റ്റീസ് സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കൈമാറിയത്.
കോടതി ഇടപെടലിനെത്തുടർന്ന് കേരളത്തിന് കഴിഞ്ഞ സാന്പത്തിക വർഷം ഇളവ് ലഭിച്ചതായും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 131, 293 അനുച്ഛേദം എന്നിവ അനുസരിച്ചും 293 അനുച്ഛേദം അനുസരിച്ചും കേരളത്തിന് കടമെടുക്കാൻ സാധിക്കുമോ എന്നതു സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കടമെടുക്കുന്നതും പൊതു അക്കൗണ്ടിൽനിന്നുള്ള ബാധ്യതകളും ഭരണഘടനയുടെ 293 (3) വകുപ്പ് പ്രകാരം പരിശോധിക്കും. ഭരണഘടനയുടെ 293 വകുപ്പ് സംബന്ധിച്ച് സുപ്രീംകോടതി പരാമർശം നടത്താത്തതിനാൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇതു സംബന്ധിച്ച് പരിശോധന നടത്തും.
ഒരു സാന്പത്തിക വർഷം സംസ്ഥാനം കൂടുതൽ പണം കടമെടുത്താൽ, വരും വർഷങ്ങളിൽ കുറവ് വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ വാദം. 13,608 കോടി രൂപ അധികമായി വായ്പ എടുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം സമ്മതിച്ചിരുന്നു.
മാർച്ച് എട്ടിന് നടന്ന കൂടിക്കാഴ്ചയിൽ 5,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നൽകിയിരുന്നു. പിന്നീട്, മാർച്ച് 19ന് 8,742 കോടിയും 4,866 കോടിയും വായ്പ എടുക്കാൻ അനുവദിച്ചു.
സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുന്പായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
കേരളം കേസ് പിൻവലിച്ചാൽ 13,608 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം കേരളത്തോട് പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കോടതിയിൽനിന്ന് കേന്ദ്രത്തിന് വിമർശനം നേരിടേണ്ടിവന്നു.