അനിൽ ആന്റണിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാൻ പണം നൽകി പി.സി.ജോർജ്
Monday, April 1, 2024 7:07 PM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള പണം നൽകി പി.സി.ജോർജ്. എൻഡിഎ പത്തനംതിട്ട പാർലമെന്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വച്ചാണ് പണം കൈമാറിയത്.
അടുത്തിടെ ബിജെപിയിൽ ചേർന്ന ജോർജ് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ജോർജിനെ തഴഞ്ഞ് അനിലിന് സീറ്റ് നൽകുകയായിരുന്നു.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോർജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനിലിനെ മണ്ഡലത്തിൽ ആർക്ക് അറിയാം എന്നായിരുന്നു ജോർജിന്റെ പ്രതികരണം.
പിന്നീട് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച ശേഷം അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കണ്ടിരുന്നു.
ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവദേക്കറാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളദേവി, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെൽ കൺവീനർ അശോകൻ കുളനട, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.