വിലക്കയറ്റം ചെറുക്കാൻ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്നു മുതൽ
Thursday, March 28, 2024 11:13 AM IST
തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.
താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വില്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിംഗ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാർച്ച് 29, 31, ഏപ്രിൽ ഒന്ന്, രണ്ടിനു ചന്ത പ്രവർത്തിക്കില്ല.