സിദ്ധാർഥന്റെ മരണം: ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
Thursday, March 28, 2024 9:22 AM IST
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷൽ അന്വേഷണവുമായി ബന്ധപ്പെട്ടു ഗവർണർ ഹൈക്കോടതിക്കു കൈമാറിയ പട്ടികയിലെ ജഡ്ജി ഇന്നു ഗവർണറെ കാണും.
വിരമിച്ച ഹൈക്കോടതി ജഡ്ജി ഹരിപ്രസാദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും ജുഡീഷൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുന്ന വിജ്ഞാപനം പുറത്തിറക്കുക.
ജുഡീഷൽ അന്വേഷണ വിജ്ഞാപനം ഇന്നലെ ഇറക്കാനായിരുന്നു ധാരണ. എന്നാൽ, ജുഡീഷൽ കമ്മീഷനുമായി പരിഗണനാ വിഷയങ്ങൾ അടക്കം ചർച്ച ചെയ്ത ശേഷം വിജ്ഞാപനം ഇറക്കിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
ജുഡീഷൽ കമ്മീഷനിൽ വയനാട് നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തും. കമ്മീഷന് ആവശ്യമായി വരുന്ന ചെലവ് വെറ്ററിനറി സർവകലാശാല ഫണ്ടിൽ നിന്നു നൽകാനും ചാൻസലർ കൂടിയായ ഗവർണറുടെ വിജ്ഞാപനത്തിൽ നിർദേശിക്കും.
കമ്മീഷൻ തെളിവെടുപ്പ് കൽപ്പറ്റയിലെ സർവകലാശാല ഗസ്റ്റ്ഹൗസിലും താമസം അടക്കമുള്ള സൗകര്യങ്ങൾ പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമായി ഒരുക്കും.