മഹാരാഷ്ട്ര സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു
Thursday, March 28, 2024 6:13 AM IST
മുംബൈ: അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാത്രി നാഗ്പൂരിൽ പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിലാണ് അവർ അംഗത്വം സ്വീകരിച്ചത്.
ബവൻകുലെയുടെ വസതിയിൽ അനുയായികൾക്കും ഭർത്താവ് എംഎൽഎ രവി റാണയ്ക്കും ഒപ്പമാണ് നവനീത് റാണ എത്തിയത്. അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളും ഇവിടെയുണ്ടായിരുന്നു.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ചയാണ് അമരാവതി മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. ഏപ്രിൽ നാലിന് അവർ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബവൻകുലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്ന് ബവൻകുലെയുടെ വസതിയിൽ അർദ്ധരാത്രിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ നവനീത് റാണ പറഞ്ഞു.
2014ൽ എൻസിപി ടിക്കറ്റിൽ അമരാവതിയിൽ നിന്ന് മത്സരിച്ച നവനീത് റാണ ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനോട് പരാജയപ്പെട്ടു. 2019-ൽ അവർ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും അദ്സുലിനെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, 2019 ന് ശേഷം ഇവർ ബിജെപിയെ പിന്തുണയ്ക്കാൻ തുടങ്ങി.