വ്യാജ ലഹരിമരുന്ന് കേസ്: ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു
Thursday, March 28, 2024 4:21 AM IST
കൊച്ചി: വ്യാജ ലഹരിമരുന്ന് കേസില്‍ തടവിലാക്കിയതിന് നഷ്ടപരിഹാരം തേടി ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്കിയ ഹര്‍ജിയില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു.
തുടര്‍ന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്കാന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ജസ്റ്റീസ് ടി.ആര്.രവി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തത്.
2023 ഫെബ്രുവരി 27ന് വൈകുന്നേരം ഷീലയുടെ സ്കൂട്ടറില്‍നിന്ന് എക്സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു.
അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് കാക്കനാട്ടെ റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ ഹൈക്കോടതി ഇവര്‍ക്കെതിരായ കേസ് റദ്ദാക്കിയിരുന്നു.
തുടര്‍ന്നാണ് 72 ദിവസം ജയിലിലാക്കിയതിന് ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ നിരക്കില്‍ നഷ്ടപരിഹാരം തേടി ഹര്‍ജി നല്‍കിയിരിക്കുന്നത്.