മസാല ബോണ്ട്; സമാഹരിച്ച മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചു
Wednesday, March 27, 2024 7:51 PM IST
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച മുഴുവൻ തുകയും തിരിച്ചടച്ചു. 2150 കോടിയാണ് തിരിച്ചടച്ചത്. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തിരിച്ചടച്ചതെന്നാണ് വിവരം.
മസാല ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
അതേസമയം മസാലാ ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. എട്ടാം തവണയാണ് ഐസക്കിന് ഇഡി നോട്ടീസയക്കുന്നത്. ഏപ്രിൽ രണ്ടിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
നിലവിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ഐസക്ക് ഇഡി സമൻസ് നേരിടുന്നതിൽ നിയമ കേന്ദ്രങ്ങളുമായി ആലോചന തുടങ്ങിയിട്ടുണ്ട്.