സിദ്ധാർഥന്റെ മരണം: രേഖകള്‍ സംസ്ഥാനം സിബിഐക്ക് കൈമാറി
Wednesday, March 27, 2024 12:51 PM IST
ന്യൂഡല്‍ഹി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിലെ രേഖകൾ സംസ്ഥാനം സിബിഐക്ക് നേരിട്ട് കൈമാറി. സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പ്രഫോമ, എഫ്ഐആറിന്റെ പരിഭാഷപ്പെടുത്തിയ പതിപ്പ് തുടങ്ങിയവയും കൈമാറിയിട്ടുണ്ട്.
സിദ്ധാർഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, രേഖകള്‍ സിബിഐക്ക് കൈമാറാത്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രേഖകള്‍ വൈകുന്നത് വൈകിപ്പിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ നല്‍കിയിരുന്നു
ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര എം സെക്ഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് സര്‍ക്കാറിനെതിരേ രംഗത്ത് എത്തിയതോടെയാണ് സിബിഐക്കു കത്തുനല്കാനുള്ള നടപടിയുണ്ടായത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വന്നതും അതിനുശേഷമാണ്.
സര്‍ക്കാര്‍ സംവിധാനം പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തിനൊടുവിലാണ് എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനെട്ടു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. പ്രതികളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം നേതാക്കള്‍ അവിടെ എത്തിയതും വിവാദമായിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാര്‍ഥന്റെ വീടു സന്ദര്‍ശിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നതും സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും. എന്നാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഓഫീസിന് കേസ് സിബിഐക്കു കൈമാറുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം ഈ മാസം ഒമ്പതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
ഈമാസം 16ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചെങ്കിലും തെറ്റുപറ്റി. കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് അയക്കേണ്ട കത്ത് ഇതുമായി ബന്ധമില്ലാത്ത കൊച്ചി സിബിഐ ഓഫീസിലേക്കാണ് അയച്ചത്. കത്തിനൊപ്പം കേസിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രൊഫോമയും ഉള്‍പ്പെടുത്തിയില്ല. സിദ്ധാര്‍ഥന്റെ പിതാവ് സര്‍ക്കാറിനെതിരേ സമരം നടത്തുമെന്നു പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നതും കത്തുമായി ഡിവൈഎസ്പി ഡല്‍ഹിയിലേക്കു തിരിച്ചതും.
വിജ്ഞാപനംവന്ന് 17 ദിവസമാണ് സര്‍ക്കാര്‍ സംവിധാനം നടപടിക്രമങ്ങള്‍ വൈകിപ്പിച്ചത്. ഇതിനിടയിൽ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്കും എസ്എഫ്ഐക്കും കഴിഞ്ഞുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.