"വ്യക്തിപരമായി അപമാനിച്ചു': കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പോലീസില്‍ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
Wednesday, March 27, 2024 12:23 PM IST
ചാലക്കുടി: കലാമണ്ഡലം സത്യഭാമയ്ക്കെതിരേ നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നല്കി. യൂട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനത്തിൽ തന്നെ വംശീയമായും വ്യക്തിപരമായും ആക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയതെങ്കിലും അഭിമുഖം നൽകിയത് വഞ്ചിയൂരായതിനാൽ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി.
കഴിഞ്ഞ 21 നാണ് കലാമണ്ഡലം സത്യഭാമ നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് യൂട്യൂബ് ചാനലിൽ അധിക്ഷേപകമായ അഭിപ്രായപ്രകടനം നടത്തിയത്. അദ്ദേഹത്തിന് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം.
ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സത്യഭാമ നടത്തിയ പരാമർശത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.