ന്യൂയോർക്കിലെ കപ്പലപകടം; 22 ഇന്ത്യക്കാരും സുരക്ഷിതർ
Wednesday, March 27, 2024 1:13 AM IST
ന്യൂയോർക്ക്: ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതർ. അപകടത്തിൽ പുഴയിൽ വീണ രണ്ടു പേരെ രക്ഷപ്പെടുത്തി. അതിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടത്തിൽ ഏഴുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സിനർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പാലത്തിന്റെ പ്രധാന തൂണുകളിലൊന്നിൽ കപ്പൽ ഇടിക്കുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം അപകടത്തിൽ തകർന്നുവീഴുകയുംചെയ്തു. തുടർന്ന് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങളും വെള്ളത്തിലേക്ക് പതിച്ചു.