രാജീവ് ഗാന്ധി വധക്കേസ്; മുരുകനും ഇന്ത്യ വിടുന്നു
Tuesday, March 26, 2024 4:59 PM IST
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട പ്രതി മുരുകൻ ഇന്ത്യ വിടുന്നു. ശ്രീലങ്കൻ ഹൈക്കമ്മീഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ജയിൽ മോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാന്പിൽ കഴിഞ്ഞു വരികയാണ് മുരുകൻ. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
2018 സെപ്റ്റംബർ ഒമ്പതിനാണ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകൻ, ശാന്തൻ, പേരറിവാളന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രൻ, നളിനി എന്നിവരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്.
ഇതിൽ ശാന്തന് സ്വന്തം നാട്ടിലേക്കു പോകാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാകുന്നതിനിടെ ഏതാനം മാസങ്ങൾക്കു മുന്‍പ് ഇദ്ദേഹം മരണപ്പെട്ടു. കേസിൽ ഉൾപ്പെട്ട ശ്രീലങ്കൻ പൗരൻമാർക്ക് സ്വന്തം നാട്ടിലേക്കു പോകാൻ കഴിയാതെ വന്നതോടെ ഇവരെ തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാന്പിൽ പാർപ്പിച്ചിരിക്കുകയാണ്.