കപ്പല്‍ ഇടിച്ചു; കൂറ്റന്‍ പാലം നദിയിൽ തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
Tuesday, March 26, 2024 3:25 PM IST
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നായ ഫ്രാന്‍സിസ് സ്കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30 ഓടെയാണ് സംഭവം.
പറ്റാപ്സ്കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്നുവീണത്. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. 1977ൽ നിർമ്മിതമായ പാലമാണ് സ്കോട്ട് കീ ബ്രിഡ്ജ്.
നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അഗ്നിരക്ഷാ പ്രവർത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.