രണ്ടരവയസുകാരിയുടെ മരണം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ് രേഖപ്പെടുത്തി
Tuesday, March 26, 2024 11:04 AM IST
മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസുകാരി ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഫായിസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിനുമേല് ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണം ക്രൂരമര്ദനമേറ്റിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. മര്‍ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.
കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കണ്ടെത്തിയിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാരിയെല്ലുകളും പൊട്ടിയിരുന്നു.
ഞായറാഴ്ചയാണ് നസ്റിന് മരിച്ചത്. സംഭവത്തില്‍ ഫായിസിനെതിരേ കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. ഫായിസ് കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ആരോപണത്തിന് പിന്നാലെ ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്‍പ് കുഞ്ഞ് മരിച്ചിരുന്നു.
കുട്ടിയുടെ അമ്മയുടെ മുന്നില്‍വച്ച് തന്നെ കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും കുഞ്ഞിനെ കൊല്ലുന്നത് കണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ ഇടയ്ക്കിടെ മര്‍ദിക്കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.