മധ്യപ്രദേശിൽ ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്
Tuesday, March 26, 2024 3:47 AM IST
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ 14 പൂജാരിമാർക്ക് പരിക്കേറ്റു. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ എട്ടു പേരെ വിദഗ്ധ ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റി. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്ന കളർപൊടി കർപ്പൂരം കത്തിച്ച തളികയിൽ വീണാണ് തീ പടർന്നത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മോഹൻ യാദവും അനുശോചിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു.