അറുപത്തിയാറ് വയസുള്ള സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി തള്ളിക്കളയാമായിരുന്നു: കലാമണ്ഡലം സത്യഭാമ ജൂനിയര്‍
Monday, March 25, 2024 12:25 PM IST
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയര്‍. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല താന്‍ അഭിമുഖത്തില്‍ സംസാരിച്ചതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അറുപത്തിയാറ് വയസുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നെന്നും അവര്‍ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നതായും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ മോഹിനിയാട്ടം ആണുങ്ങള്‍ക്ക് യോജിച്ചതല്ലെന്നും കറുപ്പ് നിറമുള്ളവര്‍ ഇത്തരം മത്സരത്തില്‍ പങ്കെടുക്കരുതെന്നും അവര്‍ പരാമര്‍ശിച്ചത്.
മോഹിനിയാട്ടം പുരുഷന്മാര് അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. കറുപ്പ് നിറമുള്ളവര്‍ അതനുസരിച്ചുള്ള ജോലി ചെയ്യണമെന്നുമായിരുന്നു അവരുടെ പരാമര്‍ശം.
ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരായി കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ അഭിമുഖം വിവാദമായതോടെ താന്‍ രാമകൃഷ്ണനെയല്ല ഉദ്ദേശിച്ചതെന്ന് അവര്‍ വിശദീകരിച്ചു.
പക്ഷേ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും വിവാദ പരാമര്‍ശത്തില്‍ അവര്‍ ഉറച്ചുനിന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം ഇവര്‍ക്കതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുഷ്യവകാശ കമ്മീഷനടക്കം കേസുകളുമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.